|
ടാറ്റായുടെ ഹര്‍ജിയില്‍ 19 മുതല്‍ വാദം കേള്‍ക്കും |
2ജി സ്‌പെക്‌ട്രം അഴിമതിയുമായി ബന്ധപ്പെട്ട് നീരാ റാഡിയയും രത്തന്‍ ടാറ്റായും തമ്മില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണം ചോര്‍ത്തിയതു സംപ്രേഷണം ചെയ്‌തതിനെതിരേ ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റാ നല്‍കിയ ഹര്‍ജിയില്‍ 19 മുതല്‍ ദിവസവും വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. ജി.എസ്. സിംഗ്‌വി, എ.കെ. ഗാംഗുലി എന്നിവരടങ്ങിയ ബെഞ്ചാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്.
നീരാറാഡിയയുമായുള്ള തന്റെടെലിഫോണ്‍ സംഭാഷണം ദൃശ്യമാധ്യമങ്ങളും പോര്‍ട്ടലുകളും സംപ്രേക്ഷണം ചെയ്‌തത് മൗലികാവകാശ ലംഘനമാണെന്നു കാട്ടിയാണു ടാറ്റാ സുപ്രീംകോടതിയെ സമീപിച്ചത്. നീരാ റാഡിയയും കോര്‍പറേറ്റ് തലവന്‍മാരുമായുള്ള ടെലിഫോണ്‍ സംഭാഷണം ആദായനികുതി വകുപ്പാണു ചോര്‍ത്തിയത്. കേസില്‍ ന്യൂസ് മാഗസിനുകളായ ഓപ്പണ്‍, ഔട്ട് ലുക്ക് എന്നിവയ്‌ക്കും കേന്ദ്രത്തിനും നോട്ടീസ് അയച്ചിരുന്നു. കേന്ദ്ര ആഭ്യന്തരസെക്രട്ടറി ജി.കെ. പിള്ള, സി.ബി.ഐ, ആദായനികുതി വകുപ്പ്, ധനകാര്യമന്ത്രാലയം എന്നിവയോടു ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാനും ഉത്തരവിട്ടിരുന്നു. ഈ സംഭാഷണങ്ങളിലെ മിക്കവാറും ഭാഗങ്ങള്‍ സ്വകാര്യമായിരുന്നെന്നും ഗൗരവമായി എടുക്കേണ്ടവയായിരുന്നില്ലെന്നുമാണ് ടാറ്റയുടെ വാദം.
|